ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി തന്നെ പിന്തുണച്ചില്ല. പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ആര്‍ക്കും വേണ്ട, താന്‍ കുടുങ്ങി കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടത്- കൊല്ലം തുളസി പറയുന്നു. ശബരിമലയില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബി.ജെ.പിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും തുളസി പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.
ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.