ദില്ലി: കേന്ദ്ര ബജറ്റിലൂടെ പ്രവാസികളെയും ആദായ നികുതിപരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ലെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് തന്നെ ഇന്ത്യയില്‍ നികുതി ഈടാക്കില്ല. പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നല്‍കേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഇത് ഗള്‍ഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ നികുതി നല്‍കണമെന്നതാണ് ബജറ്റിലെ നിര്‍ദേശം. നേരത്തേ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോള്‍ 240 ദിവസമായി കൂട്ടിയത്. ഇന്ത്യയിലെ വരുമാനത്തിനും സ്വത്തിനുമാണ് നികുതി നല്‍കേണ്ടിവരിക എന്ന വിശദീകരണം വന്നതോടെ ആ കാര്യത്തില്‍ തീരുമാനമായി. നികുതി ഇളവ് നല്‍കുന്ന പ്രവാസി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിലുള്ള ശുപാര്‍ശയിലാണ് കേരളത്തിന്റെ ആശങ്ക. വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ ഇന്ത്യയിലും നികുതിയടക്കണം എന്നത് ശരിയല്ലെന്നും കേരളം ചൂണ്ടിക്കാട്ടി