തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി ഉടമകള്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുമായി കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. എന്നാല്‍ മന്ത്രി അറിയില്ലെന്നും പറയുന്നു. കള്ളി വെളിച്ചത്ത് ആയപ്പോള്‍ രക്ഷപെടാന്‍ മന്ത്രി ഉരുണ്ട് കളിക്കുകയാണ്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോഗ്രാഫും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിഷറീസ് വകുപ്പ് ജോയിന്റെ സെക്രട്ടറി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജന് കമ്പനി നല്‍കിയ കത്തിലും മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. മന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് കമ്പനി അധികൃതര്‍ കത്ത് നല്‍കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് പിന്നാലെ ഇ.പി. ജയരാജനെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇഎംസിസി കമ്പനി ഡയറക്ടര്‍ പറഞ്ഞു. വ്യവസായ മന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ച് നേരില്‍ കണ്ട് വിവരങ്ങള്‍ കൈമാറിയെന്നും മന്ത്രിസഭാ അംഗീകാരം ലഭിക്കുമോയെന്നറിയാന്‍ അപേക്ഷ നല്‍കിയെന്നും ഷിജു വര്‍ഗീസ് റഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇഎംസിസി വ്യക്തമാക്കി.
മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മക്കും ഇ.പി. ജയരാജനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് എത്തിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കരാറിന് പിന്നില്‍ 5000 കോടിയുടെ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം നിഷേധിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ചെന്നിത്തലയുടേത് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നും പറഞ്ഞു. ആരോപണങ്ങള്‍ ആവര്‍ത്തിച്ച ചെന്നിത്തല, മന്ത്രി ഇ പി ജയരാജനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ചെന്നിത്തലയെ പരിഹസിച്ച മന്ത്രി ഇ പി ജയരാജന്‍, ആരോപണം പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് ഇന്നലെ പറഞ്ഞത്.