ദുബായ്: യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍ സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് സൗദി അറേബ്യയിലേയും കുവൈറ്റിലേയും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ യുഎയില്‍ കുടുങ്ങിയ, ടിക്കറ്റ് എടുക്കുവാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാവുക.
യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വഴി സൗദി അറേബ്യയിലേയ്ക്കും കുവൈറ്റിലേയ്ക്കും യാത്ര ചെയ്യരുതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ആഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും എംബസി പറഞ്ഞിരുന്നു. ഇത്തരത്തില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ തിരികെ നാട്ടിലേക്ക് പോയി സാധാരണ നിലയിലായ ശേഷം മടങ്ങിവരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തിലാണ് അര്‍ഹരായവര്‍ക്ക് ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.