CrimeKeralaNewsRECENT POSTS

സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം

കാസര്‍കോട്: സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം. കാസര്‍കോട് മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ രൂപശ്രീയുടെ കൊലപാതകത്തിന്റെ ചുരുളാണ് ഇപ്പോള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നത്. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ് കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ. കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പോലീസ് വിലയിരുത്തുന്നു.

നഗ്‌നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നഗ്നനാരീപൂജകള്‍ നിരോധിച്ചിരുന്നു. അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിന് നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബിജെപി സര്‍ക്കാര്‍ പാസാക്കിയത്.

രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ (22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതല്‍ വെങ്കിട്ടരമണ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പോലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്‌നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്.

വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ തള്ളിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്‌നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button