ബംഗളൂരു: കര്‍ണാടകയിലെ ധര്ദ്വാഡില് മിനിവാനും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ബംഗളൂരു നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഏഴുപേര്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.
ഗോവയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന വനിതകളുടെ സംഘം സഞ്ചരിച്ച മിനിബസും ടിപ്പറും കൂട്ടിയിടിച്ചത്. പത്ത് വനിതകളും ഇവരുടെ ട്രാവലറിന്‍റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത് എന്നാണ് യല്ലിഗര്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞത്.
മൊത്തം 16 വനിതകളാണ് ട്രവലറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ധവന്‍ങ്കരയിലെ ഒരു വനിത ക്ലബിലെ അംഗങ്ങളാണ്. ഇവരുടെ ഗോവ ട്രിപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ധര്‍ദ്വാഡിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും പ്രഭാതഭക്ഷണം കഴിക്കാന്‍ വരുകയായിരുന്നു ഇവര്‍. അതിനായി ഹുബ്ലി- ധര്‍ദ്വാഡ് ബൈപ്പാസിലൂടെ പോകുന്പോള്‍ എതിരെ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ അതിവേഗത്തില്‍ വന്നതിനാല്‍ മിനി ബസിന് മാറുവാനുള്ള സമയം ലഭിച്ചില്ലെന്ന് സമീപവാസികള്‍ പറയുന്നു.
മിനിബസ് ഡ്രൈവറും, 10 സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ് ഏഴുപേരെ ഹൂബ്ലി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 5 വനിതകളും ഉള്‍പ്പെടുന്നു. മിനിബസ് ഡ്രൈവര്‍ പ്രവീണ്‍, മീരഭായി, പ്രാണ്‍ജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, വീണ, മഞ്ജുള, നിര്‍മ്മല, രാജനീഷ, സ്വാതി, പ്രീതി രവി കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇതില്‍ പ്രീതി രവികുമാര്‍ മുന്‍ ജഗ്ലൂര്‍ എംഎല്‍എയും ബിജെപി നേതാവുമായ ഗുരു സിദ്ധഗൗഡയുടെ മരുമകളാണ്.
അതേ സമയം അപകടം നടന്ന ഹുബ്ലി- ധര്‍ദ്വാഡ് ബൈപ്പാസിനെക്കുറിച്ച് നേരത്തെ തന്നെ നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇവിടെ ആവശ്യത്തിന് വീതിയില്ലെന്നും, ഇത് വണ്‍വേ ആക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ബംഗലൂര്‍ പൂനെ ദേശീയ പാത 48 ഭാഗമാണ് ഹുബ്ലി- ധര്‍ദ്വാഡ് ബൈപ്പാസ്. അതേ സമയം വാഹനാപകടത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അപടകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.