KeralaNewsRECENT POSTS

കൊല്ലത്ത് വീട്ടമ്മയോട് ബന്ധുക്കളുടെ കൊടുംക്രൂരത; മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ല

കൊല്ലം: കൊല്ലത്ത് മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും വീട്ടമ്മയ്ക്ക് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടലുണ്ടായി.

വനിതാ സെല്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗണ്‍സിലറും ചേര്‍ന്ന് ഷാഹിദാ കമാലിന്റെ നിര്‍ദേശ പ്രകാരം ഇവരെ താലൂക്ക് ആശുപത്രിയിലാക്കി. സംരക്ഷണവും തുടര്‍ ചികിത്സയും കമ്മീഷന്‍ ഉറപ്പ് വരുത്തും. ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുഹറാബീവിക്ക് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത് നാല് വര്‍ഷം മുന്‍പാണ്. അന്ന് അംഗനവാടി അധ്യാപിക ഇടപെട്ട് നീണ്ടകരയിലെ ആശുപത്രിയില്‍ ചികിത്സക്കയച്ചപ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പരാധീനത മൂലമാണ് ചികിത്സ ലഭ്യമാക്കാന്‍ കഴിയാഞ്ഞത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ജനപ്രതിനിധികളുടേയും സന്നധ സംഘടനകളുടേയും സഹായത്തോടെ ഇവരുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button