തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
രോഗം ബാധിച്ച ആറു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിയിട്ടുണ്ട്. വൈറസിനു ജനിതകമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പ്രാദേശികമായി നടക്കുന്ന പഠനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സംസ്ഥാനം മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ കൊവി ഷീല്‍ഡ് വാക്‌സിന്‍ തന്നെ വേണമെന്നാണ് ആവശ്യം.
ഇതിനിടെ, കേരളത്തില്‍ അതിതീവ്ര കൊവിഡ് വ്യാപനമാണെന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ സുരേന്ദ്രന് അവകാശമുണ്ടെന്നും എന്നാല്‍ അദ്ദേഹം കാര്യങ്ങള്‍ വിശദമായി പഠിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം.