തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോസും തിരയുന്നതും ഡൗണ്‍ലോഡ്-അപ്ലോഡുകള്‍ ചെയ്യന്നവരുമായ 350 ആളുകള്‍ പോലീസ് നിരീക്ഷണത്തില്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ പി-ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പോലീസിന്റെ ഈ നീക്കം. കേരള സൈബര്‍ ഡോമും കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്നാണ് 350 പേരുടെ വിവവരശേഖരണം നടത്തിയത്.
ചില സാമൂഹ മാധ്യമങ്ങളിലും ഡാര്‍ക്ക്നെറ്റ് വെബ്സൈറ്റുകളിലും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഇവരെ പിടികൂടുന്നതിനായി പോലീസ് സജ്ജമാക്കിയ സോഫ്റ്റ്വെയറിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഇപ്പോള്‍ നിരീക്ഷണത്തിലുള്ള പകുതി ആള്‍ക്കാര്‍ക്കെതിരെ കുറ്റം ചുമത്താവുന്ന തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. നോട്ടപ്പുള്ളികളായവരുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായം തേടുമെന്നും പോലീസ് പറയുന്നു.
ഇന്റര്‍പോള്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ് വിവരശേഖരണം നടത്തിയാണ് പി-ഹണ്ട് എന്നപേരില്‍ പരിശോധനകള്‍ ആരംഭിച്ചത്. ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിള്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഒട്ടോറെ ആളുകളെ അറസ്റ്റുചെയ്തിരുന്നു.