ലക്നൗ: വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലി സ്വദേശിയായ വരനും കനൗജ് സ്വദേശിയായ വധുവും കുടുംബങ്ങളും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
ഇതിനു പിന്നാലെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമായി. വിവാഹം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു.
വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് ഞായറാഴ്ച വരന്റെ കുടുംബം വിവാഹത്തിന് വീണ്ടും താല്‍പര്യമറിയിച്ചെങ്കിലും വധു വിസമ്മതിച്ചു.