കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിലെ കുഴികളടച്ചും ഓട്ടോറിക്ഷയില്‍ നിന്ന് ഏത്തക്കുല ഇറക്കാന്‍ വ്യാപാരിയെ സഹായിച്ചും വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരു സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭയിലെ 46ാം വാര്‍ഡായ പാണമ്പടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ അനില്‍കുമാറാണ് (ടിറ്റോ) തന്റെ പ്രചാരണ പരിപാടിക്കിടെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത്.
തകര്‍ന്നു കിടന്നിരുന്ന കല്ലു പുരക്കല്‍ പാണംപടി റോഡാണ് ടിറ്റോയും പ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമാക്കിയത്. റോഡ് നന്നാക്കാന്‍ സ്ഥാനാര്‍ത്ഥി തന്നെ മുന്നിട്ട് ഇറങ്ങിയതോടെ നാട്ടുകാര്‍ക്കും ആവേശമായി. വലിപ്പ ചെറുപ്പമില്ലാതെ കുട്ടികളോട് ഉള്‍പ്പെടെ കുശലം പറഞ്ഞാണ് സ്ഥാനാര്‍ത്ഥി വാര്‍ഡില്‍ നിന്ന് മടങ്ങിയത്. ഈ വാര്‍ഡിലെ എല്ലാ വഴികളും തകര്‍ന്നു കിടക്കുകയാണെന്ന് വി.കെ അനില്‍കുമാര്‍ ആരോപിച്ചു. ഇതിന് ഒരു പരിഹാരം ഉണ്ടാകണം. അതിനുവേണ്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അനില്‍കുമാര്‍ പറഞ്ഞു. കോട്ടയം നഗരസഭയുടെ മുന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ് ടിറ്റോ.
കഴിഞ്ഞ 25ലേറെ വര്‍ഷമായി സി.പി.എം പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണ് പാണമ്പടി. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ് അനില്‍ കുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ചത്. സി.പി.എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് പാണമ്പടിയില്‍ അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഈ ദൗത്യത്തില്‍ പൂര്‍ണ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് അനില്‍ കുമാര്‍.