FeaturedNationalNews

ഉപാധികളോടെ ചര്‍ച്ചയ്ക്കില്ല,പ്രധാനമന്ത്രിയുടെ വാക്കുകള്‍ തള്ളി കര്‍ഷകര്‍,രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്നത്. ദിവസങ്ങള്‍ മുന്നോട്ടുപോകുന്തോറും കര്‍ഷകരുടെ വീര്യം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തേ ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രവേശിക്കുന്നത് തടയാന്‍ യുദ്ധ സമാന സാഹചര്യങ്ങള്‍ ഒരുക്കിയ കേന്ദ്രം ഒടുവില്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതും പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതും തങ്ങളുടെ വിജയമെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിനാണ് അമിത് ഷാ കര്‍ഷകരെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും സസൂഷ്മം പരിശോധിക്കാം എന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഉപാധിവച്ചുകൊണ്ടുളള ഒരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്നാണ് കര്‍ഷര്‍ പറയുന്നത്. ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം നിറവേറ്റാതെ ജീവന്‍പോയാലും പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രവുമായുളള ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് പഞ്ചാബ് കിസാന്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റുല്‍ദു സിംഗ് പറയുന്നത്. ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമേ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കൊപ്പം വൈദ്യുത ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്നത്തെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചത് പ്രതിഷേധക്കാര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അമിത്ഷായുടെ ചര്‍ച്ച വെറും പ്രഹസനമാകുമോ എന്നാണ് അവര്‍ സംശയി?ക്കുന്നത്.

അതിനിടെ,കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ഹരിയാനയിലെ കര്‍ഷകര്‍ പെടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞതിനെതിരെ ഹരിയാനയിലെ കര്‍ഷകര്‍ രംഗത്തെത്തി. തിരിച്ചറിയല്‍ രേഖ കാണിച്ചുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്. ‘ഖട്ടര്‍ ജി, ഹരിയാനയില്‍ നിന്നുള്ള കര്‍ഷകനായ എന്റെ തരിച്ചറിയല്‍ രേഖയാണിത്. വേണമെങ്കില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാം. ഹരിയാനക്കാരല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുളളവരാരണോ എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഹരിയാന സ്വദേശി?യായ നരേന്ദര്‍ സിംഗ് ചോദിക്കുന്നത്. കര്‍ഷക മാര്‍ച്ചിനെ ഹരിയാന സര്‍ക്കാര്‍ ഭീകരമായ നേരിട്ടതിനെ വിമര്‍ശിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രിയാണെന്നാണ് മനോഹര്‍ലാല്‍ ഖട്ടര്‍ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button