പത്തനംതിട്ട: നിര്‍ധന യുവാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സ സഹായ നിധിയിലേക്ക് സ്വന്തം സ്വര്‍ണ്ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാതൃകയായി. കല്‍പ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) ചികിത്സാര്‍ത്ഥമാണ് ധനസമാഹരണാര്‍ത്ഥം എത്തിയപ്പോഴാണ് അലീന പൈലോയെന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തന്റെ കഴുത്തില്‍ കിടന്ന മാല ഊരി നല്‍കിയത്. പൂങ്കാവ് വടക്കേ പറമ്പില്‍ കയര്‍ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യല്‍ തൊഴിലാളി ജൂലിയുടെയും മകളാണ് അലീന.
ഒരു വര്‍ഷത്തോളമായി നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന മാല കഴിഞ്ഞയാഴ്ചയാണ് അലമാരയില്‍ പേപ്പറുകള്‍ക്കിടയില്‍ നിന്നു കിട്ടിയത്. ഇതോടെയാണ് സ്വന്തം മാല അലീന നല്‍കിയത്. മാല വിറ്റ് ലഭിച്ച 17000 രൂപയും പിന്നീട് ഫണ്ടിലേക്ക് വകയിരുത്തി. ഷിബുവിന്റെ അയല്‍ക്കാരാണ് അലീനയുടെ കുടുംബം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10, 11, 12, 13, ആര്യാട് 15, 16, 17, 18 എന്നിങ്ങനെ 8 വാര്‍ഡുകളിലായി 48 സ്‌ക്വാഡുകളായി തിരിഞ്ഞ് അഞ്ഞൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് ഫണ്ട് സമാഹരണത്തിനായി ഇറങ്ങിയത്. 2 മണിക്കൂറില്‍ 9,63,298 രൂപയാണ് സമാഹരിച്ചത്. തുക ഉടന്‍ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി അറിയിച്ചു. ചടങ്ങില്‍ അലീനയേയും ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.