തിരുവനന്തപുരം മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തേത്തുടര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു.സ്ഥാനാര്‍ത്ഥികളുടെ ഗൃഹസമ്പര്‍ക്കപരിപാടികള്‍ക്ക് മാറ്റമില്ല.ഇന്ദിരാഭവനില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
ഇന്നു പുലര്‍ച്ചെ 3.30 ന്‌ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
എഐസിസി ട്രഷററും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ് അഹമ്മദ് പട്ടേല്‍. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പട്ടേല്‍ 2018-ല്‍ എഐസിസി ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തില്‍ നിന്ന് മൂന്നു തവണ ലോക്‌സഭാംഗമായി അഹമ്മദ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് അവസാനമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്. ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് ലോക്‌സഭാംഗമായ രണ്ടാമത്തെ മുസ്ലിംമാണ് അഹമ്മദ് പട്ടേല്‍. കേരളത്തിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ നിരന്തരം ഇടപെട്ട ഹൈക്കമാന്‍ഡ് പ്രതിനിധിയാണ്.