കൊല്ലം : കള്ളപ്പണക്കേസിൽ തടവിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ താര സംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കേണ്ടതില്ലന്ന നിലപാട് അധാർമികമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അമ്മയിൽ നിന്ന് സ്ത്രീകൾ ഒന്നൊന്നായി രാജിവയ്ക്കുന്നു. അടിയാൻ – ഉടയാൻ രീതിയാണ് താരസംഘടനയിലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിൽ. പുരുഷാധിപത്യത്തിന്റെ മുഖമായി സംഘടന മാറിയിരിക്കുന്നു. കേൾക്കാൻ പാടില്ലാത്ത പലതും സിനിമാരംഗത്ത് നിന്ന് ഉയരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. സുരേഷ് ഗോപിയും മുകേഷും ഗണേഷ് കുമാറും ഉൾപ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങൾ മറുപടി പറയണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം, ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നേരത്തെ ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി എംപി നിലപാടെടുത്തിരുന്നു. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി. എടുത്തു ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ. അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.