തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പല ഇടപാടുകളും നടന്നതായി ഇഡിക്ക് സൂചന ലഭിച്ചു. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച പല ദിവസങ്ങളിലും അനൂപ് കേരളത്തിലില്ലായിരുന്നു. ഏറ്റവുമൊടുവില്‍ ഈ കാര്‍ഡ് ഉപയോഗിച്ചുവെന്നു കരുതുന്ന ഒരു സ്ഥാപനത്തില്‍ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.
അതുകൊണ്ടുതന്നെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ നിര്‍ണായക തെളിവാകുമെന്നാണ് സൂചന. അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. എന്നാല്‍ കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍.
അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച ഇടങ്ങളില്‍ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കില്‍ കാര്‍ഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്‍കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു.അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങള്‍ ശേഖരിച്ചത്. സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ.ഡി. അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്.
അതിനിടെ ബിനീഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐ ഫോണ്‍ വിശദ പരിശോധനയ്ക്കായി ഇഡി കൈമാറി. ഈ ഫോണില്‍ നിന്നും ബിനീഷും അനൂപും തമ്മില്‍ സംസാരിച്ചതായും ചാറ്റു നടത്തിയതായും ഇഡിക്ക് സംശയമുണ്ട്. കൂടാതെ ബിനീഷിന്റെ ഭാര്യാമാതാവ് മിനി പ്രദീപിന്റെ പേരിലുള്ള സ്ഥലം ഈടുവച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 50 ലക്ഷംരൂപ വായ്പ എടുത്തിരുന്നു.
ഈ തുക ബാങ്കില്‍ നിന്നും ലഭിച്ചതിനു പിന്നാലെ തന്നെ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഈ തുക ഉപയോഗിച്ച് ശംഖുമുഖത്തെ ഓള്‍ഡ് കോഫീഹൗസിന്റെ നവീകരണം നടത്തിയെന്നാണ് ബിനീഷിന്റെ ഭാര്യയും മാതാവും പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.