KeralaNews

കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത 17കാരിയും ജയിലില്‍ തൂങ്ങി മരിച്ച യുവാവും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തില്‍! പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ച് നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞിരിന്നു; രണ്ടു ജീവനുകള്‍ പൊലിയാന്‍ കാരണം രാഷ്ട്രീയ പകപോക്കല്‍

കോട്ടയം: കട്ടപ്പന നരിയാംപാറ സ്വദേശിയായ 17കാരിയായ ദളിത് പെണ്‍കുട്ടിയുടേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനുവിന്റേയും മരണം കേരളക്കര വളരെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രണ്ട് മരണങ്ങളായിരുന്നു അവ. ഒരാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരാള്‍ ജയിലിനുള്ളിലെ തൂങ്ങി മരിക്കുകയായിരിന്നു. ഈ രണ്ട് മരണങ്ങള്‍ക്കും കാരണക്കാരായവരെ തുറന്ന് കാട്ടുകയാണ് മാധ്യമപ്രവര്‍ത്തകനും പെണ്‍കുട്ടിയുടെ വീടുമായി ഹൃദയബന്ധമുള്ള മാര്‍ട്ടിന്‍ മേനച്ചേരി. പെണ്‍കുട്ടിയും മനുവും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തില്‍ ആയിരുന്നു എന്നു അദ്ദേഹം പറയുന്നു.

പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിച്ചു നല്‍കാമെന്ന വീട്ടുകാര്‍ തമ്മിലുള്ള ധാരണയെ കാറ്റില്‍ പറത്തി പെണ്‍കുട്ടിയുടെ ഒരു ബന്ധു നടത്തിയ നീക്കമാണ് രണ്ടു ജീവനുകള്‍ പൊലിയാന്‍ കാരണം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ഈ ബന്ധു രക്ഷിതാക്കളെ സ്വാധീനിച്ച് പെണ്‍കുട്ടിയെ കൊണ്ട് മനുവിനെതിരെ പീഡന പരാതി കൊടുപ്പിച്ച് കേസെടുപ്പിക്കുകയായിരിന്നു.

തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതാക്കള്‍ അടക്കം നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനവും കട്ടപ്പനയില്‍ അരങ്ങേറി. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന തരത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തനിക്ക് തെറ്റായ പരാതി നല്‍കേണ്ടി വന്നതിലെ മനോവിഷമത്തെ തുടര്‍ന്ന് പിന്നീട് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഒക്‌ടോബര്‍ 23നാണ് പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 40 ശതമാനത്തിലികം പൊള്ളലേറ്റ 17കാരി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആത്മഹത്യശ്രമത്തിന് രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാട്ടി ബന്ധുക്കള്‍ മനുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പീഡന കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനു കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരിന്നു.

അതേസമയം മനു മനോജിന്റെ മരണത്തില്‍ ആരോപണവുമായി അച്ഛന്‍ മനോജ് രംഗത്ത് വന്നിട്ടുണ്ട്. മകനെ ജയില്‍ ജീവനക്കാര്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പെണ്‍കുട്ടിയും യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ വഷളാക്കിയത് ബിജെപി ആണെന്നും പിതാവ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker