തിരുവനന്തപുരം : കേരളത്തിലെ ഡി ജി പി ലോക്നാഥ് ബെഹ്റ നടത്തിയ അഴിമതി അന്വേഷിക്കാൻ അടുത്ത അധികാരത്തിൽ വരുന്ന യു ഡി എഫ് സർക്കാർ കമ്മീഷനെ നിയമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡിജിപിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷേനേതാവ് പറഞ്ഞു. പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും
ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കുറിപ്പിന്റെ പൂർണരൂപം…………………………….
സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്ന ഡിജിപി യാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിലെ ഡിജിപി ഇന്ന് എല്ലാ അർത്ഥത്തിലും തരം താഴ്ന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ അഴിമതിയും, സ്വജനപക്ഷപാതവും, കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം എൽ എമാർക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡിജിപി തന്നെ മുൻകൈ എടുക്കുന്നു. ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ ഡിജിപി തയ്യാറാകണം. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ലോകനാഥ് ബഹ്റ എന്ന ഡിജിപിയുടെ എല്ലാ കള്ളത്തരങ്ങളും, അഴിമതിയും അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കും. പലതരം പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനു പ്രത്യുപകരമായിട്ടാണ് പി ടി തോമസ്, കെ എം ഷാജി, തുടങ്ങിയ UDF
എം എൽ എ മാർക്കും, മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കവാനും അവരെ അപമാനിക്കാനുള്ള ശ്രമം. വി ഡി സതീശനെതിരായി ഇല്ലാത്ത ഒരു കേസുമായി വന്നിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡിജിപിയാണ് നിലവിലുള്ളത്. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ ഡിജിപി യുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ വച്ചിട്ടുള്ളത്. കള്ളക്കേസുകൾ എടുത്ത് എൽ ഡി എഫ് സർക്കാറിനെതിരേയുള്ള യു ഡി എഫിന്റെ പോരാട്ടം പിന്നോട്ടു കൊണ്ടുപോകാം എന്നുള്ളത് വെറും വ്യാമോഹമാണ്. സർക്കാരിന് വേണ്ടി എന്ത് അഴിമതിയും നടത്തുന്ന DGP യെ നിയമപരമായിത്തന്നെ നേരിടും.