KeralaNews

ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി; അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറെ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി ഇഡി കസ്റ്റഡിയിലെടുത്തത്.

ചികിത്സാ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. കസ്റ്റഡിയിലെടുക്കുന്നതിന് തടസമില്ലെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കുള്ളില്‍ ഇ.ഡി സംഘം ആശുപത്രിയില്‍ എത്തുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്തതറിയിച്ച് ഇഡി ശിവസങ്കറിന് സമന്‍സ് കൈമാറിയിട്ടുണ്ട്. കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button