കൊച്ചി: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ക്ക് പഴുതടച്ച സുരക്ഷയാണൊരുക്കിയിരിക്കുന്നത്. 14 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ 7 മണിക്കാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാകേണ്ടത്. എട്ടിന് സ്‌ട്രോങ് റൂം തുറക്കും.
വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്ന വഴിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . അതിൽനിന്നുള്ള ദൃശ്യങ്ങള്‍ കൗണ്ടിങ് ഹാളിൽ ഇരിക്കുന്ന ഒബ്‌സര്‍വര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് കാണാൻ സാധിക്കുന്നതാണ്.
ബൂത്ത് തിരിച്ചാണ് വോട്ടണ്ണല്‍ നടക്കുക. പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ടുകളാണ് ആദ്യമെണ്ണുക.എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. മുഴുവന്‍ ടേബിളുകളുടേയും നിരീക്ഷണ ചുമതല വരണാധികാരിക്കായിരിക്കും. ഓരോ കൗണ്ടിങ് ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരാണ് ഉള്ളത്. മൈക്രോ ഒബ്സര്‍വറുടെ നിരീക്ഷണത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. ഓരോ കൗണ്ടിംഗ് ടേബിളിനു സമീപവും രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാർക്ക് ഇരിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാകും എണ്ണുക. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്), ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് അഞ്ച് ടേബിള്‍ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനം രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് വരെ വന്ന പോസ്റ്റല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളും എണ്ണും. അതിന് ശേഷം വരുന്നവ അസാധുവാക്കും.
വിവി പാറ്റ് സ്ലിപ്പുകളുടെ എണ്ണവും പൂര്‍ത്തിയാകുന്നതോടുകൂടി ഫലം പ്രഖ്യാപിക്കുവാന്‍ കഴിയും.