മുംബയ്: ടി.ആര്‍.പി റേറ്റിംഗ് സംവിധാനത്തില്‍ കൃത്രിമം കാട്ടിയതിന് ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പബ്ലിക് ടി.വി, ഫക്ത് മറാഠി, ബോക്സ് സിനിമ എന്നിവയ്ക്കെതിരെ മുംബയ് പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. വ്യൂവര്‍ഷിപ്പ് അളക്കുന്നതിനുള്ള ‘പീപ്പിള്‍ മീറ്റര്‍’ സ്ഥാപിക്കപ്പെട്ടിരുന്ന മുംബയിലെ ഒരു വീട്ടില്‍ താമസിക്കുന്നയാളാണ് ചില ചാനലുകള്‍ കാണുന്നതിന് തനിക്ക് മാസം പ്രതിഫലം തന്നിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കേസിലെ മൂന്ന് സാക്ഷികളിലൊരാളാണ് ഇയാള്‍. ചാനലുകള്‍ നിശ്ചിത മണിക്കൂര്‍ കാണുന്നതിന് ഇവര്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നെന്ന് പോലീസ് പറഞ്ഞിരുന്നു. മീറ്റര്‍ സ്ഥാപിച്ച ശേഷം അതിന്റെ ബില്ലുകളെ പറ്റി ആശങ്കപ്പെടേണ്ടെന്നും വീട്ടിലെ ഡി.ടി.എച്ച് സര്‍വീസ് ഓട്ടോമാറ്റിക് ആയി ചാര്‍ജ് ചെയ്യപ്പെടുമെന്ന് പറഞ്ഞിരുന്നെന്നും ഇയാള്‍ പറയുന്നു. വ്യൂവര്‍ഷിപ്പ് അളക്കുന്നതതിനുള്ള ബാരോമീറ്റര്‍ സ്ഥാപിച്ച ഉദ്യോഗസ്ഥന്‍ തന്നോട് ബോക്‌സ് സിനിമ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4 വരെ കാണണമെന്ന് പറഞ്ഞെന്നും പ്രതിഫലമായി മാസം 500 രൂപ തരുമെന്നും പറഞ്ഞതായി ഇയാള്‍ പറയുന്നു. ഒരു ദേശിയ മാദ്ധ്യമത്തോടാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി ഈ രീതി തുടരുന്നുണ്ട്. ടെലിവിഷന്‍ റെറ്റിംഗ് പോയിന്റ് അഥവാ ടി.ആര്‍.പിയുമായി ബന്ധപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് ഇയാള്‍ക്കും കുടുംബത്തിനും അറിവില്ലായിരുന്നു. മുംബയില്‍ നിന്നും ഗ്രാമത്തിലേക്ക് പോയപ്പോള്‍ തനിക്ക് ചാനല്‍ കാണാന്‍ സാധിക്കില്ലെന്ന് വിവരം ഉപകരണം വീട്ടില്‍ സ്ഥാപിച്ചവരെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. ബോക്‌സ് ചാനല്‍, ഫക്ത് മറാത്തി എന്നിവയുടെ ഉടമകള്‍ അടക്കം നാല് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. റിപ്പബ്ലിക് ടി.വിയ്ക്കും അനുബന്ധ ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടക്കുകയാണ്.
ഹന്‍സ എന്ന സംഘടനയുടെ സഹായത്തോടെയാണ് പ്രേക്ഷകരെ വാടകയ്ക്കെടുത്ത് ചാനലുകള്‍ ജനപ്രീതിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത്. ടി.ആര്‍.പി റേറ്റിംഗ് നിശ്ചയിക്കുന്ന 2000 ബാരോമീറ്ററുകള്‍ മുംബയിലെ വീടുകളില്‍ ഘടിപ്പിച്ച് ഒരു ചാനല്‍ മാത്രം കാണാന്‍ ആവശ്യപ്പെടുന്നതായിരുന്നു രീതി. ഇപ്രകാരം ടി.ആര്‍.പി റേറ്റിംഗ് കൂട്ടാന്‍ സഹായിക്കുന്നവര്‍ക്ക് മാസം 400-500 രൂപ വീതം പ്രതിഫലം നല്‍കിയിരുന്നതായി പുറത്തുവന്നിരുന്നു. അതേസമയം, ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിനെ വിമര്‍ശിച്ചതിന് ടി.ആര്‍.പി വിവാദത്തിന്റെ പേരില്‍ പ്രതികാരം ചെയ്യുകയാണെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി ആരോപിച്ചിരുന്നു.