തൃശൂര്‍: മോഹിനിയാട്ട വിഷയത്തില്‍ കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിതയുടെ വാദം പൊളിയുന്നു. നര്‍ത്തകനായ ആര്.എല്‍.വി രാമകൃഷ്ണനും കെ.പി.എ.സി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെ പി എ സി ലളിത ഫോണില്‍ പറയുന്നുണ്ട്.
സംഗീത നാടക അക്കാദമിയുടെ സര്‍ഗ ഭൂമിക എന്ന ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ പറഞ്ഞത്.
മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. പരിപാടിക്കായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചോളൂ എന്ന് ചെയര്‍ പേഴ്സണ്‍ തന്നെ പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.
അതേസമയം, ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷയത്തില്‍ അക്കാദമിയെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന് വിനയന് ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത് സംഗീത നാടക അക്കാദമിയുടെ പിടിവാശിയും ഈഗോയുമാണെന്നായിരുന്നു വിനയന് പറഞ്ഞത്.