ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ സ്‌കൂളുകള്‍ തുറന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കില്ലെന്ന് സര്‍വേ. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ ഒക്ടോബറില്‍ തുറന്നാല്‍ 71 ശതമാനം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേയില്‍ വിശദമാകുന്നത്.
മഹാമാരിയുടെ വ്യാപനത്തിന്റെ എട്ടാം മാസത്തിലും കൊവിഡ് 19 രോഗബാധ കുറയാത്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. 2020 മാര്‍ച്ചിലാണ് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചത്. സെപ്തംബര്‍ 21 മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി പ്രകാരം ക്ലാസുകള്‍ തുടങ്ങാമെന്ന് അണ്‍ലോക്ക്‌ഡൌണിന്റെ ഭാഗമായി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന സര്‍വ്വേയിലേതാണ് നിരീക്ഷണം. രാജ്യത്തെ 217 ജില്ലകളിലായി 14500 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
സര്‍വ്വെയില്‍ പങ്കെടുത്ത 34 ശതമാനം രക്ഷിതാക്കള്‍ക്ക് ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതിനോടേ യോജിപ്പ് പ്രകടിപ്പിച്ചില്ല. ഓഗസ്റ്റ് മാസത്തിലും സമാനമായ സര്‍വേ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയിരുന്നു. എന്നാല്‍ 23 ശതമാനം രക്ഷിതാക്കളാണ് അന്ന് സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഒരുമാസത്തിനിടയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് കൂടുതല്‍ രക്ഷിതാക്കള്‍ നിലപാട് മാറ്റിയത്.