ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി; നന്ദി പറഞ്ഞ് താരത്തിന്റെ അമ്മ
കാന്‍സറിനെ തോല്‍പ്പിച്ച് ആരോഗ്യം വീണ്ടെടുത്ത് നടി ശരണ്യ. ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാസങ്ങളായി കിടപ്പില്‍ ആയിരുന്ന താരം ഇപ്പോള്‍ നടക്കാന്‍ തുടങ്ങി. എല്ലാവരുടെയും സഹായങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശരണ്യയുടെ അമ്മ ഗീത നന്ദി പറഞ്ഞു.
”ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യം കൊണ്ടു വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി” എന്ന് അമ്മ ഗീത പറഞ്ഞു. ആറു വര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചത്.
ചികിത്സയുടെ ഭാഗമായി ഏഴ് ശസ്ത്രക്രിയകളാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശരണ്യയ്ക്ക് നടന്നത്. ശസ്ത്രക്രിയകളെ തുടര്‍ന്ന് ഒരു ഭാഗം തളര്‍ന്ന നിലയിലായിരുന്നു ശരണ്യ. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. നടി സീമ ജി. നായര്‍ ആണ് ശരണ്യയ്ക്കൊപ്പം വേദനക്കാലത്ത് ഉണ്ടായിരുന്നത്.
സിനിമ, സീരിയല്‍, സാമൂഹിക രംഗത്തുള്ള പലരും സഹായിച്ചിട്ടുണ്ടെന്നും ശരണ്യയുടെ അമ്മ പറയുന്നു. ചാക്കോ രണ്ടാമന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമകളില്‍ വേഷമിട്ടു.