ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങളില്‍ ഒരൊറ്റ മുസ്ലീംങ്ങളേയും പങ്കെടുപ്പിക്കരുതെന്ന് ബജ്റംഗദള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ഒരൊറ്റ മുസ്ലീങ്ങളെപ്പോലും പരിപാടിയില്‍ പങ്കെടുക്കാനോ സംഘാടകരാകാനോ അനുവദിക്കരുതെന്നുമാണ് ബജ്റംഗദള്‍ മീഡിയ കണ്‍വീനര്‍ എസ്. കൈലാഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കളല്ലാത്ത സമുദായക്കാരെ തിരിച്ചറിയുന്നതിനായി പരിപാടികളുടെ എന്‍ട്രി പോയിന്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നാണ് ഇദ്ദേഹം എല്ലാ ‘ഗര്‍ബ’,ഡാണ്ടിയ സംഘാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിന്ദുക്കളല്ലാത്ത ചിലര്‍ ഈ പരിപാടികളിലേക്ക് പ്രവേശിക്കുകയും ഇത്തരം പരിപാടികളോട് യാതൊരു ബഹുമാനവും പരിഗണനയും കാണിക്കാതെ പല അവസരങ്ങളിലും ഡാണ്ടിയയിലും ഗര്‍ബയിലും പങ്കെടുക്കുന്ന സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇവരുടെ രക്ഷയ്‌ക്കെത്തുന്നവരെ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നുമാണ് കൈലാഷിന്റെ അവകാശവാദം.