ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. നാല് പേര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മാനഭംഗം ചെയ്തത്. പെണ്‍കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയായത്. ഉയര്‍ന്ന ജാതിക്കാരായ നാലു പേരാണ് പെണ്‍കുട്ടിയെ ക്രൂര മാനഭംഗത്തിന് ഇരയാക്കിയതെന്നാണ് സൂചന. അതേസമയം, സംഭവത്തില്‍ പ്രതികളായ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവര്‍ക്കെതിരെ കൂട്ട മാനഭംഗത്തിനും കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു പെണ്‍കുട്ടി. സഹോദരന്‍ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അമ്മയും പെണ്‍കുട്ടിയും അവിടെ നിന്നു. ഇതിനിടെ അമ്മ കുറച്ചകലേക്ക് മാറിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ബാജ്‌റ പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.