കൊച്ചി: തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണവും ലിഫ്റ്റും നിലച്ചു. മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ലിഫ്റ്റും നിലച്ചിരിക്കുകയാണ്. കനത്ത പോലീസ് കാവലില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ജലവിതരണം വിച്ഛേദിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നല്‍കിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ഉടമകള്‍ പ്രതികരിക്കുന്നത്. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സമയക്രമം സര്‍ക്കാര്‍ തീരുമാനിച്ചു. ഇനിയും ചെറിയ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഈ മാസം 29 മുതല്‍ ഒക്ടോബര്‍ 3 വരെ താമസക്കാരെ ഒഴിപ്പിക്കും.