ബംഗളൂരു: ആള്‍ദൈവം നിത്യനന്ദയ്ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി മുന്‍ ശിഷ്യ രംഗത്ത്. കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സാറായുടെ ആരോപണം. ആശ്രമത്തില്‍ കൊച്ചു കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും നിത്യാനന്ദയുടെ സഹായിയും മുന്‍നടിയുമായ രഞ്ജിതയാണ് അതിന് മുന്‍കൈയെടുക്കുന്നതെന്നും സാറാ സ്റ്റെഫാനി ആരോപിച്ചു.
ഏഴ് വര്‍ഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. പതിമൂന്ന് വയസുള്ള രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് സ്റ്റെഫാനി പറയുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്.
കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറാ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവര്‍ ഒരു നടപടിയും എടുത്തില്ല. കുട്ടികളെ പൂട്ടിയിട്ട് അടിമകളാക്കി അനുസരിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇതിന് രഞ്ജിതയാണ് നിത്യാനന്ദയ്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കുന്നത്.
എല്ലാം തിരിച്ചറിഞ്ഞതിനുശേഷം ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു- സാറാ സ്റ്റെഫാനി പറയുന്നു. നടി രഞ്ജിതയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ വന്നതോടെയാണ് 2010 ല്‍ സ്വാമി നിത്യാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തി.