വീട്ടിലുണ്ടായ തീപിടുത്തത്തിൽ അകപ്പെട്ടു പോയ അമ്മയെയും, സഹോദരങ്ങളെയും അതി സാഹസികമായി രക്ഷപ്പെടുത്തിയ 9 വയസ്സു കാരനെ റോയൽ ഒമാൻ പോലീസ് ആദരിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ബഹ്‌ല സ്വദേശിയായ അൽ മുത്തസിം അൽ ഷക്‌സിയാണ് ശാരീരിക പരിമിതിയുള്ള അമ്മയുടെയും, സഹോദരങ്ങളുടെയും രക്ഷകനായത്.
വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത മുറിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടരുന്നതും, അമ്മയുടെയും സഹോദരങ്ങളുടെയും നിലവിളിയും കേട്ടത്. ഉടൻ അവിടേക്ക് ഓടി ചെല്ലുകയായിരുന്നു. 5 വയസ്സുകാരിയായ സഹോദരിയെയാണ് ആദ്യം രക്ഷിക്കാനായത്. പിന്നീട് രണ്ട് സഹോദരങ്ങളെയും, അമ്മയെയും ഈ കുട്ടി അപകടം നടന്ന മുറിയിൽ നിന്നും പുറത്തെത്തിച്ചു. നടക്കാൻ സാധിക്കാതിരുന്ന അമ്മയുടെ കാലുകളിൽ വലിച്ചാണ് പുറത്തെത്തിച്ചത്. ” ശരിയ്ക്കും പ്രയാസകരം തന്നെയായിരുന്നു, എന്നാൽ അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന ഭയത്താൽ ഞാൻ എങ്ങനെയോ രക്ഷപ്പെടുത്തി ” – അൽ മുത്തസിം പറഞ്ഞു.

