CrimeKeralaNews

ഇടുക്കിയില്‍ എട്ടു വയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദനം; പൊലീസെത്തിയപ്പോൾ ജീവനൊടുക്കാൻ അമ്മയുടെ ശ്രമം

നെടുങ്കണ്ടം:അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ, കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പൊലീസിൽ അറിയിച്ചതോടെ യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു.

ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പൊലീസെത്തിയാണ്. സമീപം കുട്ടികൾക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു പരുക്കേറ്റതെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്.

ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണു പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നിൽക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്.

ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോൾ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button