ബംഗളൂരു: മാനസികാസ്വാസ്ഥ്യമുള്ള 50 വയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ എട്ടു പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍. കര്‍ണാടകയിലെ മഡിക്കേരിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പോലീസുകാര്‍ റോയ് ഡിസൂസ എന്ന 50 വയസുകാരനെ മര്‍ദ്ദിച്ചത്.
പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് എട്ടു പോലീസുകാരെ സസ്പന്‍ഡ് ചെയ്തു എന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ടെന്നും കുടക് എസ്പി ക്ഷമ മിശ്ര പറഞ്ഞു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ കഴിയൂ എന്നും അവര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് റോയ് ഡിസൂസ എന്നയാളെ പോലീസ് പിടികൂടുന്നത്. പിന്നീട് ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹം ബോധരഹിതനായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു.
തുടര്‍ന്ന് റോയ് ഡിസൂസയെ ആശുപത്രിയിലെത്തിക്കുകയും ശനിയാഴ്ച ആശുപത്രിയില്‍ വച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.