ന്യൂഡൽഹി:ഉത്തര്‍പ്രദേശില്‍ കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. നാളെ കളക്ട്രേറ്റുകൾ വളഞ്ഞുള്ള രാജ്യവ്യാപക പ്രതിഷേധത്തിനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.എട്ട് കർഷകർ മരിച്ചതായി കർഷക സംഘടനകൾ ആരോപിക്കുന്നു.
ലഖിംപുർ ഖേരി ജില്ലയിൽ കർഷക സമരക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചുകയറിയാണ് നാല് കർഷകർ മരിച്ചു. ഒരാൾ വെടിയേറ്റാണ് മരിച്ചതെന്നും നിരവധി കർഷകർക്ക് ഗുരുതരമായി പരിക്കേറ്റതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. അപകടുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് കർഷകർ ആരോപിച്ചു.
മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്കെതിരേ ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് കർഷകർ പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് ഇടിച്ചുകയറിന് പിന്നാലെ സ്ഥലത്ത് വലിയ സംഘർഷമുണ്ടായി. കർഷകർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രദേശത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. അതേസമയം കർഷകരുടെ മരണം സ്ഥിരീകരിക്കാൻ സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, മകൻ സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര പറയുന്നത്. കർഷകരുടെ കല്ലേറിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.