ആകെയുള്ള സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വയോധിക!
ഡെറാഡൂണ്‍: സ്വന്തം പേരിലുള്ള എല്ലാ സ്വത്തുവഹകളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വായോധിക. ഡെറാഡൂണില്‍ നിന്നുള്ള 78 കാരിയായ പുഷ്പ മുന്‍ജിയലാണ് തന്റെ പേരിലുള്ള 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും മറ്റും രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതി വെച്ചത്.
തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നതിന്റെ വില്‍പ്പത്രം പുഷ്പ മുന്‍ജിയല്‍ ഡെറാഡൂണ്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമായതിനാലാണ് താന്‍ ഇത്തരത്തിലുള്ള വില്‍പത്രം തയ്യാറാക്കിയതെന്നും സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് എഴുതിവെച്ചതെന്നും പുഷ്പ പറഞ്ഞു.
കൂടാതെ, രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. മുന്‍ പി.സി.സി സംസ്ഥാന പ്രസിഡന്റ് പ്രീതം സിംഗിന്റെ വസതിയില്‍ വച്ചാണ് പുഷ്പ മുഞ്ജിയാല്‍ തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിയുടെ പേരിലാക്കിയ വില്‍പ്പത്രം പുറത്തുവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ലാല്‍ചന്ദ് ശര്‍മ അറിയിച്ചു.