KeralaNews

73ാം വയസില്‍ അശ്വതിയെ ജീവിതസഖിയാക്കി വര്‍ഗീസ് ചേട്ടന്‍; അനുഗ്രഹവുമായി മക്കളും കൊച്ചു മക്കളും

കൊച്ചി: എഴുപത്തിമൂന്നാം വയസ്സില്‍ 68കാരി അശ്വതിയെ ജീവിതസഖിയാക്കി വര്‍ഗീസ് ചേട്ടന്‍. മക്കളും കൊച്ചു മക്കളും ചേര്‍ന്ന് ഇരുവര്‍ക്കും പുതിയ ജീവിതം ആശംസിച്ചു. വര്‍ഗീസു ചേട്ടന് ജീവിതത്തില്‍ താങ്ങും തണലുമാവാന്‍ ഇനി അശ്വതി കൂട്ടിന് ഉണ്ടാകും. വീകേവീസ് കേറ്ററേഴ്സ് ഉടമ കണ്ടനാട് വികെ വര്‍ഗീസും കല്‍പന ബ്യൂട്ടി പാര്‍ലര്‍ ഉടമ അശ്വതിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വികെ വര്‍ഗീസിന്റെ ആദ്യ ഭാര്യ റിട്ട. താലൂക്ക് ഓഫീസര്‍ സുശീല മരിച്ചത്. മൂന്ന് മക്കളും കുടുംബവും കേരളത്തിന് പുറത്താണ്. രണ്ടര വര്‍ഷം മുമ്പ് അശ്വതിയുടെ ഭര്‍ത്താവും മരിച്ചു. ലണ്ടനില്‍ ഡോക്ടറായിരുന്നു. ഒരു മകളും കൊച്ചുമകളുമാണുള്ളത്.

നേരത്തേ പരിചയക്കാരായ അശ്വതിയുടേയും വര്‍ഗീസിന്റെ പൊതുസുഹൃത്താണ് ആദ്യം വിവാഹക്കാര്യം പറയുന്നത്. അശ്വതിയുടെ ഭര്‍ത്താവിനെ വര്‍ഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു. വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ ആദ്യം വര്‍ഗീസ് നിരുത്സാഹപ്പെടുത്തി.

പിന്നീട് വര്‍ഗീസിന്റെ മൂത്ത മകന് മുന്നില്‍ സുഹൃത്ത് ഇക്കാര്യം അവതരിപ്പിച്ചു. മൂത്തയാള്‍ അനുജന്മാരോട് പറഞ്ഞു. അങ്ങനെ മൂന്ന് മക്കളും ചേര്‍ന്നാണ് അപ്പന് വേണ്ടി കല്യാണം ആലോചിച്ചു. അശ്വതിയുടെ കുടുംബത്തിനും കല്യാണത്തിന് സമ്മതം. കോവിഡ് കാലമായതിനാല്‍ ഇരുപത് പേര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

കൊവിഡ് കാലത്ത് വര്‍ഗീസ് അനുഭവിച്ച ഒറ്റപ്പെടലാണ് മക്കളെ രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു വല്ലാതെ ഒറ്റപ്പെട്ടുപോയെന്നു വര്‍ഗീസും പറയുന്നു. 1985 ലാണ് വര്‍ഗീസ് വീകേവീസ് കേറ്ററേഴ്സ് ആരംഭിക്കുന്നത്. കൊച്ചിയില്‍ വീക്ഷണം റോഡിലെ ‘കല്‍പന’ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് അശ്വതി. വിവാഹ ശേഷം വധൂവരന്മാര്‍ പനമ്പുകാട് കായല്‍ത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button