ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1068 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് തമിഴ‍്‍നാട് അറിയിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്. മണിക്കൂറിൽ 0.1 ഘനയടി എന്ന തോതിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചത്.
ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ‍്‍നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. റൂൾ കർവ് പാലിച്ചാണ് തമിഴ‍്നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റിൽ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ആളവ് ഇരട്ടിയായി. 6 ഷട്ടറുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സെക്കന്റിൽ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂ. എന്നാലും പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി നേരത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. ജലനിരപ്പ് 136 അടി എത്തിയതോടെ ഇന്നലെ രാത്രി 7 മണിക്ക് തമിഴ‍്‍നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് വാഹനങ്ങൾ ഉപയോഗിച്ച് അനൗൺസ്മെന്റ് നടത്തിയിരുന്നു.