കോഴിക്കോട്: നാദാപുരം ചിയ്യൂരില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസില്‍ ആറ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വയനാട് പനമരത്ത് നിന്നാണ് നാദാപുരം പോലീസ് പ്രതികളെ പിടികൂടിയത്. മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ ലത്തീഫ്, റഹീസ്, ആഷിക്, മുഹമ്മദ്, റാഷിദ് എന്നിവരാണ് പിടിയിലായത്. മൈസൂരിലേക്കുള്ള യാത്രാമധ്യേ വയനാട് പനമരത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്.
വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതും അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്ക് എതിരെ ചുമത്തി. സംഭവത്തില്‍ കണ്ടാലറിയുന്ന അന്‍പത് പേര്‍ക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. നാദാപുരം തെരുവന്‍പറമ്പിലെ ചീയൂര്‍ എംഎല്‍പി സ്‌കൂളിന് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഘര്‍ഷമുണ്ടായത്. പോളിംഗ് ബൂത്തിന് മുന്‍പില്‍ കൂട്ടം കൂടി നിന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ആക്രമണത്തില്‍ എസ്ഐ ശ്രീജേഷിനും മൂന്ന് പോലീസുകാര്‍ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ പോലീസിനെ കയ്യേറ്റം ചെയ്ത പ്രവര്‍ത്തകര്‍ 2 പോലീസ് ജീപ്പുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്.