കൊച്ചി: രണ്ടാം ദൗത്യം പൂര്‍ത്തിയാക്കി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. മാലദ്വീപില്‍ നിന്ന് 588 പ്രവാസികളാണ് സുരക്ഷിതരായി തീരമണഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി 1500ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്.
മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി രണ്ടാംതവണയാണ് ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തുന്നത്. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്ന് പുറപ്പെടേണ്ട കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ 11.20ഓടെ കപ്പല്‍ കൊച്ചി തീരത്ത് എത്തി.
497 പുരുഷന്മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് കപ്പലിലുണ്ടായിരുന്നത്. 6 ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള 21 കുട്ടികളും സംഘത്തിലുണ്ട്. മടങ്ങിയെത്തിയവരില്‍ 568 പേര്‍ മലയാളികളാണ്. 15 തമിഴ്‌നാട് സ്വദേശികളും തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മടങ്ങി എത്തിയവരില്‍ ഉള്‍പ്പെടുന്നു.
എമിഗ്രേഷന്‍ നടപടികളും പരിശോധനയും പൂര്‍ത്തിയാക്കി യാത്രക്കാര്‍ അതത് ജില്ലകളിലെ ക്വാറന്റിന്‍ സംവിധാനങ്ങളില്‍ കഴിയും. തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ബസ് എത്തിയിരുന്നു. തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊച്ചിയില്‍ തന്നെ ക്വാറന്റെനില്‍ കഴിയും.