രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവള അതോറിറ്റി യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ബന്ധമായും യാത്രക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം.
രോഗബാധയുള്ളവരെ കണ്ടെത്താനാണിത്. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല,? വിമാനത്താവളത്തിലെത്തുമ്‌ബോഴും യാത്ര ചെയ്യുമ്‌ബോഴും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധം. സഹയാത്രക്കാരില്‍ നിന്ന് നാലടി ദൂരം പാലിക്കണം.
യാത്രക്കാര്‍ വിമാനത്താവളത്തിലെത്തും മുമ്പ് വെബ് ചെക്ക് ഇന്‍ ചെയ്യണം, ബോര്‍ഡിംഗ് പാസിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയിലടക്കം വിമാനത്താവള ജീവനക്കാരുമായി പൂര്‍ണമായി സഹകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വിമാന സര്‍വീസുകള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.