കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇന്ന് ബിനീഷിനെ ഒരു വില്ലനായി കാണാന്‍ പ്രേക്ഷകരുടെ മനസ് അനുവദിക്കില്ല. സ്റ്റാര്‍ മാജിക്കില്‍ തമാശകളും പാട്ടുകളുമൊക്കെയായി കയ്യടി നേടുന്ന ജനപ്രീയനാണ് ഇന്ന് ബിനീഷ് ബാസ്റ്റിന്‍.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ബിനീഷ് ബാസ്റ്റിന്‍. കുക്കിംഗ് മുതല്‍ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. വീഡിയോകളിലൂടെ ബിനീഷിന്റെ അമ്മയും ഇന്ന് ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ബിനീഷ് ബാസ്റ്റിന്‍ പങ്കുവച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ബിനീഷ് ബാസ്റ്റ്യന്‍ വീട്ടിലേയ്ക്ക് വാങ്ങിയ പുതിയ ടിവിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ താന്‍ പരസ്യത്തില്‍ വഞ്ചിതനായി എന്നാണ് ബിനീഷ് ബാസ്റ്റിന്‍ പറയുന്നത്. 55 ഇഞ്ച് വലിപ്പമുള്ള ടീവിയാണ് ബിനീഷ് വീട്ടിലേയ്ക്ക് വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിയ ശേഷം ടി.വി. അളന്ന് നോക്കിയപ്പോള്‍ ആറ് ഇഞ്ച് കുറവ്. 55 ഇഞ്ച് വലിപ്പം പറയുന്ന ടിവിയുടെ യഥാര്‍ത്ഥ വലിപ്പം 49 ഇഞ്ച് മാത്രമായിരുന്നു എന്നാണ് ബിനീഷ് ബാസ്റ്റിന്‍ പറയുന്നത്.
താന്‍ വാങ്ങിയതില്‍വെച്ച് ഏറ്റവും വലിപ്പമുള്ള ടി.വിയാണ് ഇതെന്നും എന്നാല്‍ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ തനിക്ക് ഇതിന്റെ വലിപ്പത്തില്‍ തോന്നിയ സംശയമാണ് അളവെടുക്കുന്നതിന് കാരണമായതെന്നുമാണ് ബിനീഷ് ബാസ്റ്റിന്‍ പറയുന്നത്. ഇഞ്ച് കണക്കില്‍ 55 എന്നും സെന്റീമീറ്റര്‍ കണക്കില്‍ 138.8 എന്നും കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോള്‍ 49 ഇഞ്ച് വലിപ്പം മാത്രമാണുള്ളത്. എന്നും താരം പറയുന്നുണ്ട്.
പക്ഷെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ പറയുന്നത് താരത്തിന്റെ ഭാഗത്താണ് പിഴവെന്നതാണ്. ചിലര്‍ താരത്തെ ട്രോളുകയും ചെയ്യുന്നുണ്ട്. ബിനീഷ് ടി.വി. അളക്കുന്നത് മറ്റേതൊരു വസ്തുവിന്റേയും വീതി കണക്കാക്കുന്നത് പോലെയാണ്. എന്നാല്‍ ടി.വി.യുടെ നീളം അളക്കേണ്ടത് അങ്ങനെയല്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ.
സാധാരണ അളക്കുന്നത് പോലെ നേര അളക്കാതെ കോണോട് കോണ്‍ എന്ന തരത്തിലാണ് ടി.വിയുടെ അളവ് കണക്കാക്കേണ്ടത്. ഈ അളവാണ് കമ്പനി അവകാശപ്പെടുന്ന 55 ഇഞ്ച്. നിരവധി പേരാണ് ഇക്കാര്യം കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ബിനീഷിനെ പോലെ ഇക്കാര്യം അറിയാത്തവരും കമന്റിലെത്തിയിട്ടുണ്ട്. ഇങ്ങനെ അളക്കുന്നതിന് പകരം നേരെ അളന്ന് അത് രേഖപ്പെടുത്തിയാപ്പോരെ എന്നാണ് പരിഹാസങ്ങള്‍ക്ക് മറുപടിയായി ബിനീഷ് പറയുന്നത്. വീഡിയോയില്‍ തന്നെ ടി.വിയുടെ അളവ് രേഖപ്പെടുത്തുന്നത് ഇങ്ങനെതന്നെയാണോ എന്ന് തനിക്കറിയില്ലെന്നും മറ്റെന്തെങ്കിലും രീതി ഇതിനുണ്ടെങ്കില്‍ കമന്റ് ചെയ്യണമെന്നും ബിനീഷ് പറയുന്നതും കാണാം.
പിന്നാലെ എന്തുകൊണ്ടാണ് ടിവിയുടെ അളവ് ഇങ്ങനെയെടുക്കുന്നത് എന്ന ചോദ്യത്തിനും ചിലര്‍ മറുപടി നല്‍കുന്നുണ്ട്. ടി.വി. ആദ്യമായി പുറത്തിറക്കിയ കാലഘട്ടത്തില്‍ അതിന്റെ സ്‌ക്രീന്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു. ഇത്തരം സ്‌ക്രീനിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിച്ച മാര്‍ഗമാണ് കോണോട് കോണ്‍ രീതി.അന്നത് എഫ്കടീവായ മാര്‍ഗമായിരുന്നു. പക്ഷെ പിന്നീട് എല്‍ഇഡിയും സ്മാര്‍ട്ട് ടിവിയുമൊക്കെയായതോടെ ടിവി സ്‌ക്രീന്‍ പരന്നതായി മാറുകയായിരുന്നു. പക്ഷെ ടിവിയുടെ അളവ് കണക്കാക്കുന്ന രീതി ഇപ്പോഴും മാറിയിട്ടില്ല. ഇതാണ് ഇത്തരത്തിലൊരു ആശങ്കയുണ്ടാകാന്‍ കാരണം.