മലപ്പുറം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽനിന്ന് ഇതുവരെയായി ( രാത്രി 7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതു കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചത്. ഇന്നു മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. തിരിച്ചറിഞ്ഞ മൂന്നു മൃതദേഹങ്ങൾ ബന്ധുക്കൾ കൊണ്ടു പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്.
28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോയി. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സിഎച്ച്സിയിലേക്കാണ് മാറ്റുന്നത്. ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറിൽ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിനാവശ്യമുള്ള ആംബുലൻസുകൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. 30 അംബുലൻസുകളാണ് ഇതുവരെ വയനാട്ടിലേക്ക് തിരിച്ചത്. ഓരോ അംബുലൻസിലും രണ്ടിൽ കുറയാത്ത സന്നദ്ധ വൊളന്റിയർമാരുമുണ്ട്. പൊലീസ് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടൻ കൊണ്ടു പോകും.