കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം.എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കാട് സ്വദേശി ജുനൈസിൻ്റേതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാർ ആരും പരിശോധന നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.വീടിന്റെ സമീപത്ത് താമസിക്കുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.150 കിലോയോളം പഴകിയ എണ്ണയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.