കൊച്ചി: മണ്ണ് കടത്തുന്നതിന് അനുമതി നല്‍കാന്‍ അയ്യമ്പുഴ ഗ്രേഡ് എഎസ്‌ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ലോഡ് മണ്ണ് കടത്തിവിടുന്നതിന് 500 രൂപ പോരെന്ന് പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണല്‍ കടത്തുകാരുമായും ക്വാറി ഇടപാടുകാരുമായുമുള്ള പോലീസിന്റെ കൂട്ടുകെട്ട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
എറണാകുളം റൂറലിലുള്ള അയ്യമ്പുഴ ഗ്രേഡ് എഎസ്‌ഐ ബൈജുകുട്ടനാണ് കൈക്കൂലി വാങ്ങിയത്. വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. അയ്യമ്പുഴ സ്റ്റേഷനില്‍ നിന്ന് ഇയാളെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് വിവരം. സംഭവത്തില്‍ ഇന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനുപകരം അതിന് അനുവാദംനല്‍കി പണം വാങ്ങുകയായിരുന്നതിനാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എസ്. പി. അടക്കമുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരാണ് കൈക്കൂലി കൊടുക്കുന്നത് എന്നതും പരിശോധിക്കും.
സംഭവം മാസങ്ങൾക്ക് മുൻപ് നടന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പക്ഷേ, ഇതിന്റെ വീഡിയോ ഇപ്പോഴാണ് വ്യാപകമായി പ്രചരിച്ചത്.