NationalNews

പശു ശാസ്ത്ര പരീക്ഷ 25ന്; എഴുതുന്നത് അഞ്ചു ലക്ഷത്തിലധികം പേര്‍

കൊല്‍ക്കത്ത: ദേശീയതലത്തില്‍ ഫെബ്രുവരി 25ന് പശു ശാസ്ത്ര പരീക്ഷ നടക്കും. അഞ്ച് ലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതുന്നത്. ഓണ്‍ലൈനായാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തുന്നത്. ‘കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍’ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ 900 സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

ജനുവരി 15നാണ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് പറഞ്ഞു. എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും പ്രശംസാപത്രവും നല്‍കും. പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോസേവ ആയോഗ് കാമധേനു ചെയര്‍ സ്ഥാപിച്ചത്.

പശു സംരക്ഷണത്തില്‍ ഊന്നിയുള്ള ഗ്രാമസ്വരാജ് എന്ന പദ്ധതിയുടെ പ്രചരണത്തിനായാണ് കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍ പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വിഭാഗങ്ങളിലായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കും.

ഇന്ത്യന്‍ പശുക്കളുടെ പുറത്ത് കാണപ്പെടുന്ന കൂന് പോലെയുള്ള ഭാഗത്തിന് സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് സ്വര്‍ണമാക്കാനുള്ള ശേഷിയുണ്ടെന്നും അതിനാലാണ് പാലിന് മഞ്ഞനിറം കാണപ്പെടുന്നതെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് നേരത്തെ പ്രസ്താവിച്ചിരുന്നു. പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരീക്ഷാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പഠനകാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലേയും റഷ്യയിലേയും ആണവനിലയങ്ങള്‍ അണുപ്രസരണത്തില്‍ നിന്ന് സംരക്ഷണം നേടാന്‍ ചാണകം ഉപയോഗിക്കുന്നതായും വെബ്‌സൈറ്റില്‍ പറയുന്നു. ഭോപ്പാല്‍ നിവാസികള്‍ക്ക് വാതകചോര്‍ച്ചയില്‍ നിന്ന് സംരക്ഷണം നല്‍കിയതും ചാണകമാണെന്നും പശുക്കളുടെ കൂനില്‍ സ്ഥിതി ചെയ്യുന്ന സൂര്യനാഡിക്ക് സൗരോര്‍ജ്ജത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും വെബ്‌സൈറ്റിലുണ്ട്. ഇതാണ് ഇന്ത്യന്‍ പശുക്കളുടെ പാല്‍, ചാണകം, മൂത്രം എന്നിവയെ പോഷക സമ്പന്നമാക്കുന്നതെന്നും ഇതില്‍ പറയുന്നു.

അശാസ്ത്രീയമായതൊന്നും പഠനത്തിലില്ലെന്നും പശു സംരക്ഷണത്തിന് പ്രാധാന്യം നല്‍കേണ്ടതിനാലാണ് പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുന്നതെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷന്‍ വല്ലഭായ് കത്തിരിയ ജനുവരി അഞ്ചിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി പന്ത്രണ്ടിനാണ് യുജിസിയുടെ നിര്‍ദേശം സര്‍വകലാശാലകളിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker