കാസര്‍ഗോഡ്: കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ വിദേശമദ്യശേഖരം എക്‌സൈസ് പിടികൂടി. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം. കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കര്‍ണാടകയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന 450 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. കാര്‍ ഓടിച്ചിരുന്ന നെല്ലിക്കുന്ന സ്വദേശി ഋതേഷിനെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവിംഗ് സീറ്റിലൊഴികെ ശേഷിക്കുന്ന ഭാഗത്തെല്ലാം മദ്യക്കുപ്പികള്‍ നിറച്ച നിലയിലായിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണം കൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാറുകളും സര്‍ക്കാര്‍ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങള്‍ സജീവമായത്. ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വ്യാജമദ്യ നിര്‍മാണത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് വ്യാജവാറ്റ് നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും വാഷും പിടിച്ച സംഭവമുണ്ടായിരുന്നു. ഇതോടെയാണ് വ്യാജമദ്യ നിര്‍മാണം വീണ്ടും സജീവമായെന്ന വിലയിരുത്തലില്‍ പോലീസ് എത്തിയത്. ഇതോടെ പരിശോധന കര്‍ശനമാക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡുകള്‍ ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുണ്ട്.
വ്യാജമായി നിര്‍മിക്കുന്ന മദ്യത്തിന് ആവശ്യക്കാരും ഏറെയാണ്. ലിറ്ററിന് 1,500 രൂപ വരെ വില നല്‍കിയാണ് ആവശ്യക്കാര്‍ വ്യാജമദ്യം വാങ്ങുന്നത്. അതിര്‍ത്തി ജില്ലകളില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കടത്തുന്ന വിദേശമദ്യ ശേഖരം പിടിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്. വലിയ തോതില്‍ മദ്യം കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്താനാണ് അന്യസംസ്ഥാനത്തു നിന്നും മദ്യം കടത്തുന്നത്. ഇതോടെ ചെക്ക്‌പോസ്റ്റുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
ലോക്ഡൗണില്‍ ജോലിഭാരം താങ്ങാന്‍ ബുദ്ധിമുട്ടുന്ന പോലീസിന് വ്യാജമദ്യ നിര്‍മാണം കൂടുതല്‍ തലവേദനയായിരിക്കുകയാണ്. ഒന്നാം തരംഗത്തിനിടെയും സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണം കൂടിയിരുന്നു. മദ്യലഭിക്കാതെ ആളുകള്‍ മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.