ബംഗളുരു: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബംഗളുരുവില്‍ നാലു മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സഹദ് മഹമ്മദ്, അജ്മല്‍, പത്തനംതിട്ട സ്വദേശികളായ അജിന്‍ കെ.ജി. വര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, 10 എക്സ്റ്റസി ടാബ്ലറ്റുകള്‍, അഞ്ചു കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കല്‍നിന്നു പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്റി നര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു.
ബംഗളുരുവിലെ പബ്ബില്‍ ഡിജെയായ പ്രതികളിലൊരാള്‍ പബ്ബിലെത്തുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കുമാണു മയക്കുമരുന്നു നല്‍കിയിരുന്നത്. ഡാര്‍ക് വെബില്‍നിന്നു മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.
ബംഗളുരു സിറ്റി പോലീസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ബംഗളുരുവിലെ സോലദേവനഹള്ളിയിലെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.