യുവതിയുമായുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടു; കൊച്ചിയില്‍ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ പ്രകാരം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: യുവതിയുമായുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ജീവനക്കാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികളും പാലക്കാട് സ്വദേശികളുമായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശിയായ സുല്‍ഫി(36), ഇടുക്കി സ്വദേശിയായ നിധിന്‍ കുമാര്‍(30) എന്നിവെരയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ആശുപത്രിയില്‍ ജോലി ചെയ്തുവരവേ യുവതി സഹപ്രവര്‍ത്തകനായ പരാതിക്കാരനുമായി പരിചയത്തിലാവുകയും പിന്നീട് ഇയാള്‍ എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു പോവുകയും ചെയ്തു. എന്നാല്‍ യുവതിയുമായി ഫോണിലൂടെ സൗഹൃദം തുടര്‍ന്നത് ഇഷ്ടപ്പെടാത്ത യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ താക്കീത് ചെയ്തിരുന്നു.

ഇതിനിടെ പരാതിക്കാരന്‍ യുവതിയുമൊന്നിച്ചുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ പ്രകോപിതനായ യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ വകവരുത്തുവാന്‍ അജീഷിന് 1.5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം എറണാകുളം ഹോമിയോ ആശുപത്രി പരിസരത്തെത്തി പരാതിക്കാരന്‍ ആശുപത്രിയിലേക്ക് വരുന്ന സമയം നോക്കി കുത്തി കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

ഈ മാസം 18ന് രാവിലെ 8ന് ഹോമിയോ ആശുപത്രിയില്‍ ജോലിക്കെത്തുന്ന സമയത്ത് കാറില്‍ കാത്തിരുന്ന പ്രതികള്‍ പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി നെഞ്ചിലും വയറിലും കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ മുന്‍പരിചയം ഇല്ലെന്ന് പരാതിക്കാരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് ആണെന്നുള്ള നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേരുകയും തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ ലഭിക്കുകയും ചെയ്തു.

ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കോഴിക്കോട് പാലക്കാട് ഭാഗങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News