നഗ്നനായി യുവാവ് തിയറ്ററില്‍ കുടുങ്ങിയത്, രക്ഷപ്പെടുത്തിയത് ഭിത്തി പൊളിച്ച്
ന്യൂയോര്‍ക്ക്:തിയറ്ററില്‍ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ രക്ഷിച്ചു.കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് 39കാരനെ പുറത്തെത്തിച്ചത്. ഭിത്തി്ക്കുള്ളില്‍ യുവാവ് കുടുങ്ങിയത് എങ്ങനെയെന്നതിന്റെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെതിരെ കേസെടുത്തിട്ടില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ന്യുയോര്‍ക്കിലെ സിറാക്കൂസ് തിയറ്ററിലാണ് സംഭവം. സഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള യുവാവിന്റെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴാണ്് ഭിത്തിക്ക് അകത്ത് യുവാവിനെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവാവ് നഗ്നനായിരുന്നു. അഗ്നിശമന സേന എത്തി ഭിത്തി തുരന്നാണ് യുവാവിനെ പുറത്തെടുത്തത്. യുവാവ് എവിടെയാണ് എന്ന് കണ്ടെത്തുന്നതിന് ഫൈബര്‍ ഒപ്ടിക് ക്യാമറയാണ് ഉപയോഗിച്ചത്.
യുവാവ് കെട്ടിടത്തില്‍ കുടുങ്ങിയിട്ട് രണ്ടുദിവസമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ടൈല്‍ എടുത്തുമാറ്റിയ ശേഷം തുരന്നാണ് യുവാവിനെ പുറത്തെത്തിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ തിയറ്ററില്‍ യുവാവ് ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടതായി തിയറ്റര്‍ ഡയറക്ടര്‍ പറയുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കാണാതെ വന്നതോടെ, തിയറ്ററില്‍ നിന്ന് പോയിട്ടുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റര്‍ അധികൃതര്‍ പറയുന്നു.
ബാത്ത്‌റൂം ഉപയോഗിക്കാന്‍ യുവാവ് തിയറ്ററിനുള്ളില്‍ കയറിയതാണോ എന്ന് വ്യക്തമല്ല. കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്കും താഴത്തെ നിലയ്ക്കും ഇടയിലുള്ള സ്ഥലത്ത് യുവാവ് ഒളിച്ചു കഴിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനിടെ ബാത്ത്‌റൂമിന്റെ ഭിത്തിക്കുള്ളിലേക്ക് യുവാവ് വീണ് കുടുങ്ങിയതാകാമെന്നാണ് നിഗമനം.