ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ മരണസംഖ്യ ഉയരുന്നു. ബിഹാറിലെ പാട്നയിലാണ് അവസാനം മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമായിരുന്നു അത്. ഇന്ത്യയില്‍ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.
കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്.