തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. കൊവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാര്‍ക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന്റെ സഹായം തേടും.
കൊവിഡും കാലത്ത് സുപ്രീം കോടതി നിർദ്ദേശ പ്രകാരം 770 തടവുകാർക്കാണ് പരോള്‍ അനുവദിച്ചത്. പകര്‍ച്ച വ്യാധി ഭീഷണി അകന്നതോടെ തടവുകാര്‍ക്ക് തിരിച്ചെത്താൻ നോട്ടീസ് നൽകി. ഇവരിൽ പകുതിയോളം പേര്‍ തിരിച്ചെത്തി.
ഇതിനിടെ പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാൽ കോടതി പറഞ്ഞാൽ മാത്രമേ ജയിൽ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. എന്നാൽ ഈ ഹര്‍ജി കോടതി തള്ളി. തിരികെ ജയിലിലെത്താൻ നൽകിയ സമയം ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു.
സമയ പരിധി അവസാനിച്ചതോടെ ടിപി കേസിലെ പ്രതികൾ അടക്കം തിരിച്ചെത്തി. പക്ഷെ 34 പേര്‍ ഇപ്പോഴും ജയിലിന് പുറത്താണ്. ഏറ്റവും കൂടുതൽ തടവുകാർ തിരിച്ചെത്താനുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. 13 തടവുകാരാണ് ഇവിടെ തിരികെയെത്തേണ്ടത്.
ചീമേനിയിൽ തുറന്ന ജയിലിൽ 5 പേരും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ- 8 പേരും, വിയ്യൂർ സെൻട്രൽ ജയിലിൽ- 6 പേരും, പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ടും തടവുകാരാണ് തിരികെയത്താനുള്ളത്. ഒരാള്‍ മരിച്ചുവെന്നും രണ്ടുപേർ ആശുപത്രിയിലാണെന്നുമുള്ള അനൗദ്യോഗിക വിവരം ജയിൽവകുപ്പിനുണ്ട്. തിരിച്ചെത്താത്തവരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന് കത്ത് നൽകും.