HealthKeralaNews

ഏറ്റുമാനൂരില്‍ സ്ഥിതി അതീവ സങ്കീര്‍ണ്ണം; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കൊവിഡ്

കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ 5 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിരുന്നു.

ജില്ലയില്‍ ഇന്നലെ 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നവരാണ്. കുമരകം സൗത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചീരംചിറയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അറുപത്തൊന്നുകാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ബംഗളൂരുവില്‍നിന്ന് 14നു കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വൈക്കം ടിവിപുരത്തെ ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയിലെ 414 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 868 പേര്‍ക്ക് രോഗം ബാധിച്ചു. 454 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.

ജില്ലയില്‍ 4 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 5 വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. വൈക്കം നഗരസഭയിലെ 13ാം വാര്‍ഡ്, കുമരകം പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചിയിലെ 20ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker